കൊച്ചി: കേരളതീരത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലെ മൂന്നു ജീവനക്കാർക്കു നാട്ടിലേക്കു മടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി.
അതേസമയം, ക്യാപ്റ്റനടക്കം നാലു പേരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാന്‍ മാറ്റി. യുക്രെയ്ന് സ്വദേശി ഹോര്ഡിയേവ് വലേരി, ഫിലിപ്പീന്‍സ് സ്വദേശികളായ കാസ്റ്റനേഡ റൊണാള്‍സ് പുന്സാലന്, വെലാസ്കോ റയാന് ഒന്റോലന് എന്നിവര്‍ക്കാണു കര്‍ശന ഉപാധികളോടെ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അനുമതി നല്‍കിയത്. നേരത്തെ 17 പേരെ വിട്ടയച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍ അടക്കം ഏഴു പേരാണ് നാട്ടിലേകുക് മടങ്ങാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.
മര്‍ച്ചന്റ് ഷിപ്പിംഗ് നിയമ പ്രകാരം അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരാതിയില്‍ ക്യാപ്റ്റന്റെയും ചീഫ് എന്‍ജിനിയര്‍ ഒലെക്സി ചോര്ണെയുടെയും മൊഴി രേഖപ്പെടുത്തല്‍ നേരത്തെയാക്കേണ്ടതിനാല് 12 ന് ഇവരോട് തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്കി.
കപ്പലിലെ ചീഫ് ഓഫീസര്‍ അടക്കമുള്ളവര്‍ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ കേസില്‍ പ്രതികളാണ്. പ്രതികളല്ലാത്തവരും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്പ്പെടാത്തവരെയുമാണ് വിട്ടയയ്ക്കാന് നിര്‍ദേശിച്ചിട്ടുള്ളത്.
പോലീസ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അപാകതയുള്ളതിനാല്‍ തിരുത്തി നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ കേസില്‍ പ്രതികളായ ജീവനക്കാര്‍ക്ക് ജാമ്യം അനുവദിച്ച് നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും നടപടികള്‍ വേഗത്തിലാകാന്‍ നിര്‍ദേശിക്കാമെന്നു മാത്രമാണു കോടതി പ്രതികരിച്ചത്. തുടര്‍ന്ന് ഹര്‍ജി വീണ്ടും 15നു പരിഗണിക്കാന്‍ മാറ്റി.
അതേസമയം, കപ്പല്‍ ജീവനക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കടലില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ സുരക്ഷിതമാണെന്ന ഉടമകളുടെ വാദത്തെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍, മുങ്ങിയ കപ്പല്‍ ജലഗതാഗതത്തിനു തടസമാണെന്നും മലിനീകരണ, പാരിസ്ഥിതിക ഭീഷണിയുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി. ജീവനക്കാരുടെയടക്കം വീഴ്ചയാണ് അപകടത്തിനു കാരണം.
നിലവില്‍ ജുഡീഷല്‍ അന്വേഷണം നടക്കുകയാണെന്നും ജീവനക്കാരെ വിട്ടയയ്ക്കരുതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.